Wednesday, December 28, 2011

സ്‌കൂള്‍ വിദ്യാര്‍ഥികളുടെ തര്‍ക്കം നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു

എഴുകോണ്‍: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ തര്‍ക്കം നാടിന്റെ ഉറക്കം കെടുത്തുന്നു. പ്രദേശത്തെ ചില വീടുകള്‍ ആക്രമിക്കപ്പെട്ടത് ആശങ്കയ്ക്കു കാരണമായി. ഇരുമ്പനങ്ങാട്ടുള്ള സ്വകാര്യവിദ്യാലയത്തിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥി അതുല്‍, പ്ലസ്ടു വിദ്യാര്‍ഥി മാറനാട് സ്വദേശി വിഷ്ണു എന്നിവരുടെ വീടുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആക്രമിക്കപ്പെട്ടത്.ഇതേത്തുടര്‍ന്ന് പ്രദേശത്ത് ഹര്‍ത്താല്‍ നടന്നു.

നാളുകള്‍ക്കു മുമ്പ് സ്‌കൂള്‍ ഓഡിറ്റോറിയത്തിനു മുന്നില്‍ പ്ലസ്‌വണ്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ തര്‍ക്കം സ്‌കൂള്‍ അധികൃതര്‍ രമ്യതയിലെത്തിച്ചിരുന്നു. പുറത്തുനിന്നുള്ളവര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്‍ബലത്തില്‍ ഇതില്‍ ഇടപെട്ടതോടെ വിദ്യാര്‍ഥികള്‍ ഇരുചേരികളിലായി.

പുറത്തുനിന്നുള്ളവര്‍ അനാവശ്യമായി ഇരുമ്പനങ്ങാട് സ്‌കൂള്‍ പരിസരത്തും കാന്റീനിലും ചുറ്റിത്തിരിയുന്നത് പതിവാണ്. ബൈക്കിലും മറ്റും പെണ്‍കുട്ടികളുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്താറുമുണ്ട്. ഇതു സംബന്ധിച്ച് സ്‌കൂള്‍ അധികൃതര്‍ എഴുകോണ്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. ക്ലാസ് മുറികളില്‍ വ്യാപകമായി മലം തേച്ചുപിടിപ്പിച്ചും ലൈബ്രറിയില്‍ നശീകരണം നടത്തിയുമാണ് അക്രമികള്‍ ഇതിനോടു പ്രതികരിച്ചത്.

കാമ്പസിലും പരിസരത്തും ചുറ്റിത്തിരിയുന്ന 'ചേട്ടന്മാരെ' കുട്ടികള്‍ ബഹുമാനിക്കുന്നില്ലെന്ന് ആരോപിച്ച് ഉപദ്രവിക്കുന്നതും പതിവാണെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ഒരു പ്ലസ്ടു വിദ്യാര്‍ഥി തുറിച്ചുനോക്കിയെന്ന് ആരോപിച്ചാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ തുടങ്ങിയത്.

കളി കാര്യമായതോടെ നാട്ടിലെ സമാധാനജീവിതം തകര്‍ന്നു. വിദ്യാര്‍ഥികളുടെ ഭാവി സംരക്ഷിക്കാന്‍ സംഘടിച്ചു നീങ്ങാനാണ് രക്ഷിതാക്കളുടെ തീരുമാനം. വിദ്യാര്‍ഥികള്‍ക്കു ഭീഷണിയാകുന്നവരെ കണ്ടെത്തി പോലീസ് നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

No comments:

Post a Comment