Wednesday, January 25, 2012

പോലീസ് സംഘത്തിനുനേരെ പട്ടാളക്കാരന്റെ പരാക്രമം



എഴുകോണ്‍: പരാതി അന്വേഷിക്കാനെത്തിയ പോലീസും പട്ടാളക്കാരനായ യുവാവും തമ്മില്‍ മല്ലയുദ്ധം. എസ്.ഐ. അടക്കം നാലു പോലീസുകാര്‍ക്കും യുവാവിനും പരിക്കേറ്റു.

അവധിക്ക് നാട്ടിലെത്തിയ ജവാന്‍ ഇടയ്ക്കിടം തിലകത്തില്‍ ജയകുമാ(33)റും എഴുകോണ്‍ എസ്.ഐ. മുഹമ്മദ്ഖാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവുമാണ് ചൊവ്വാഴ്ച ഏറ്റുമുട്ടിയത്.

ജയകുമാറിനും എസ്.ഐയ്ക്കും പുറമേ പോലീസ് ഡ്രൈവര്‍ രാജു, സിവില്‍ പോലീസ് ഓഫീസര്‍ ബിജു, ഹോം ഗാര്‍ഡ് അജി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ജയകുമാറിനെതിരെ അയല്‍വാസി എഴുകോണ്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാനെത്തിയ സിവില്‍ പോലീസ് ഓഫീസര്‍ ബിജുവിനു മുന്നില്‍വച്ച് ജയകുമാര്‍ ഭാര്യയെ മര്‍ദ്ദിച്ചു. തടയാന്‍ ശ്രമിച്ച ബിജുവിനും മര്‍ദ്ദനമേറ്റു.

വിവരമറിഞ്ഞ് പോലീസുകാരുമായെത്തിയ എസ്.ഐ. യുമായും ജയകുമാര്‍ ഏറ്റുമുട്ടി. തുടര്‍ന്ന് പോലീസ് സാഹസികമായാണ് ഇയാളെ കീഴടക്കിയത്.

പരിക്കേറ്റനിലയില്‍ കൊട്ടാരക്കര താലൂക്ക് ആസ്​പത്രിയിലെത്തിച്ച ജയകുമാര്‍ പ്രഥമശുശ്രൂഷയ്ക്ക് സമ്മതിക്കാതെ ഡോക്ടര്‍ക്കും നേഴ്‌സിനുമെതിരെ അധിക്ഷേപവാക്കുകള്‍ ചൊരിഞ്ഞതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യുകയായിരുന്നു. മുമ്പ് എഴുകോണ്‍ എസ്.ഐ. ആയിരുന്ന ഷാബുവിനെ കടിച്ചുപരിക്കേല്പിച്ചശേഷം രക്ഷപെട്ട കേസിലും പ്രതിയാണ് ജയകുമാര്‍.

രാത്രി വൈകി ഇയാളെ റിമാന്‍ഡ് ചെയ്തു.

No comments:

Post a Comment